പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങിയ രോഗിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേന. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് പത്തനംതിട്ട നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റില്‍ അരമണിക്കൂര്‍ നേരം കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ആശുപത്രിയിലെ മൂന്നാമത്തെ നിലയില്‍ നിന്ന് ഡോക്ടറെ കണ്ടശേഷം ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് വരികയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മധ്യവയസ്കയുടെ കാല് ലിഫ്റ്റിനിടയില്‍ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. അങ്ങനെ മറിയാമ്മയുടെ കാലുകള്‍ മുകളില്‍ ആവുകയും തലതാഴോട്ടുമായ അവസ്ഥയിലായിരുന്നു.
ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം അഗ്നിശമന സേനയെ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന അതിവിദഗ്ധമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്.
കാലിന് അസുഖമുള്ളതിനാല്‍ ലിഫ്റ്റില്‍ നിന്നും സമയത്തിനുള്ളില്‍ മറിയാമ്മയ്ക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അസുഖമുള്ള കാല്തന്നെ ലിഫ്റ്റില്‍ കുടുങ്ങുകയും ചെയ്തു. മറിയാമ്മയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.