തൃശൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി ബലമായി മുറിച്ച ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പില്‍ രാഗേഷ് (25), അയല്‍വാസി കാവില്‍പറമ്പില്‍ അമൃത (28) എന്നിവരെയാണു തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ 3 വര്‍ഷം മുന്‍പാണു രാഗേഷ് വിവാഹം കഴിച്ചത്. വിവാഹവേളയില്‍ നല്കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൈക്കലാക്കിയെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു പീഡിപ്പിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ പണം നല്കാന് തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ഒന്നിനു ബാര്‍ബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേര്‍ന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇന്‍സ്പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ എസ്ഐ രാജന്, സിപിഒമാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ ചോറ്റാനിക്കരയില്‍ നിന്നു പിടികൂടിയത്.