തിരുവനന്തപുരം: എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സ്വീകരിച്ചവര്‍ ഒറ്റ ദിവസം കൊണ്ട് 22 ലക്ഷം രൂപ സംഭാവന ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഈ ഒരു നാടിന്റെ ശക്തി നമ്മള് നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേ സ്വാഭാവികമായി ഇത്തരമൊരു കാര്യവുമായി ആളുകള്‍ മുന്നോട്ടുവരുന്നു എന്നതാണ് കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയും ഇടപെടലുമാണ്. ഇന്ന് വൈകിട്ട് നാലര വരെ വാക്സിന് സ്വീകരിച്ചവര്‍ നല്കിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്സിന് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹം ഉണ്ടാകും. അതവര് ചെയ്യുകയാണ്,’
എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വാക്സിന് സംസ്ഥാന സര്‍ക്കാരുകള്‍ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ആഹ്വാനവുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന് ആരംഭിച്ചത്. ഇതോടെ വാക്സിന് സ്വീകരിച്ചവരും അല്ലാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നുണ്ട്.
അതേസമയം, കൊവിഡ് വാക്സിനേഷനില്‍ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേയ് ഒന്ന് മുതല്‍ 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്സിന് നല്‍കും.
ഈ ഗണത്തില്‍ 1.65 കോടി ആളുകള്‍ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യങ്ങള്‍ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.