കല്പറ്റ: യുഡിഎഫ് കലാശകൊട്ട് ഉഷാറാക്കന് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക.
മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍ഗാന്ധി കല്പറ്റയില് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രചാരണത്തിന് കലാശകൊട്ടിനാണ് രാഹുലിനൊപ്പം പ്രിയങ്കാഗാന്ധിയും ഒരുമിച്ച് ജില്ലയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് നയിക്കുന്ന റോഡ്ഷോയും ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നടക്കും.
അതേസമയം, സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശം പകരാന്‍ ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് പിപിഎ കരീം, കണ്‍വീനര്‍ എന്‍ഡി അപ്പച്ചന് എന്നിവര്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി ഇന്നു ജില്ലയിലെ 3 നിയോജകമണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. രാവിലെ 10ന് പടിഞ്ഞാറത്തറയിലും 11ന് കല്ലോടിയിലും ഉച്ചയ്ക്ക് 12നു പുല്പള്ളിയിലും നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ 5 വര്‍ഷവും വയനാടിനെ പൂര്‍ണമായി അവഗണിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ജില്ലയില്‍ ഏറ്റവും അത്യാവശ്യമായിരുന്ന മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കാന്‍ ഇടതുസര്‍ക്കാരിന് സാധിച്ചില്ല. സൗജന്യമായി ലഭിച്ച സ്ഥലം അനുയോജ്യമല്ലെന്ന് പറയുകയും പിന്നീട് തരം പോലെ മാറ്റിമാറ്റി പറയുമാണുണ്ടായത്.
കാലാവധി അവസാനിക്കാന്‍ 60 ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് പൂര്‍ത്തീകരിച്ചുവെന്ന് പറയാനാണ് ശ്രമിച്ചത്. യാത്രാക്ലേശത്തിനു പരിഹാരമായി ഒട്ടേറെ ബദല്‍പാതകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടില്ലെന്നും യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി.