മാനന്തവാടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയെ പിന്തുണച്ച് ബിജെപി ‘സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍’. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
മാനന്തവാടി സ്വദേശിയായ സി മണികണ്ഠനാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി പികെ ജയലക്ഷ്മി ഇത്തവണ ജയിക്കേണ്ടത് കാലഘട്ടത്തിന്റെയും നാടിന്റെയും ആവശ്യമാണെന്ന് മണികണ്ഠന് പറഞ്ഞു. ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അല്‍പ്പസമയം പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മണികണ്ഠന്.
താന്‍ എംബിഎ പഠനം പൂര്‍ത്തിയാക്കിയിട്ടും ഫീസ് തീര്‍ത്തടക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ അന്ന് മന്ത്രിയായിരുന്ന ജയലക്ഷ്മി മുന്‍കൈ എടുത്താണ് രണ്ടര ലക്ഷം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എംബിഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും മണികണ്ഠന് പറഞ്ഞു. ഭാര്യയോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് മണികണ്ഠന് ജയലക്ഷ്മിയോട് നന്ദി പറഞ്ഞത്.
അതേസമയം, തന്നോട് ചോദിക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ചതെന്ന ആരോപണവുമായി മണികണ്ഠന് നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയും ചെയ്തു. പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്ട്ടുമെന്റില് ഗോത്രമിഷന്റെ ടീച്ചിംഗ് അസിസ്റ്റന്റായാണ് മണികണ്ഠന് ഇപ്പോള്‍ ജോലി ചെയ്തുവരുന്നത്.