കേണിച്ചിറ: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അവസാനം കത്തിക്കുത്തിലും ഇരുവീട്ടുകാരും തമ്മിലുള്ള കയ്യാങ്കളിയിലുമെത്തി. രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
അതിരാറ്റുകുന്ന് കൊല്ലപ്പിള്ളില്‍ കൃഷ്ണന്‍കുട്ടി (64), മകന് ബിജീഷ് (37), ബിജീഷിന്റെ ഭാര്യ അഖില (29), കൊച്ചുപറമ്പില്‍ ദിലീപ് (45), ഭാര്യ സൗമ്യ (35), ബന്ധു സോമന് (60) എന്നിവര്‍ക്കാണു കുത്തിലും വെട്ടിലും പരുക്കേറ്റത്.
ഇതില്‍ ദിലീപ്, സൗമ്യ, സോമന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബിജീഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദിലീപും ബിജീഷും തമ്മില്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടും തര്‍ക്കമുണ്ടായി. തുടര്‍ന്നു രാത്രി ഒന്‍പതോടെ ബിജീഷ് ദിലീപിന്റെ വീട്ടിലെത്തിയപ്പോഴാണ് ബഹളമുണ്ടായത്. ഇരുവരും തമ്മിലുള്ള കത്തിക്കുത്തില്‍ രണ്ടു വീട്ടിലെയും ആളുകള്‍ തടസ്സം പിടിക്കുന്നതിനിടെയാണ് ബാക്കിയുള്ളവര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ കേണിച്ചിറ പോലീസ് കേസെടുത്തു.