റാന്നി : തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.
സിപിഎം പ്രവര്ത്തകന് പെരുനാട് രതീഷ് ഭവനില്‍ രാജേഷിനെയാണ്(25) ഓട്ടോറിക്ഷയിടിച്ചുവീഴ്ത്തിയത്.യുവമോര്‍ച്ച പ്രവര്‍ത്തകരും ളാഹ സ്വദേശികളുമായ ദീപക് കുമാര്‍(28), എം.കെ.മഹേഷ്(23), ഗിരീഷ് കൃഷ്ണന്(31), സന്ദീപ് സദാശിവന്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയില്‍ പെരുനാട് വയറന്മരുതിക്ക് സമീപമാണ് സംഭവം. സി.പി.എം.പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിക്കുകയും റോഡില്‍ ചിഹ്നം വരയ്ക്കുകയും ചെയ്യുമ്പോഴായിരുന്നു സംഭവം.
ഇതുവഴിയെത്തിയ ഓട്ടോറിക്ഷ രാജേഷിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രവര്ത്തനത്തിലേര്പ്പെട്ടിരുന്നവരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രാജേഷിനൊപ്പമുണ്ടായിരുന്നവര് ഓട്ടോറിക്ഷയെ പിന്തുടര്ന്ന് ഇവരെ തടഞ്ഞു.
ഇരുകൂട്ടരും സംഘടിച്ചതോടെ പെരുനാട് ഇന്‍സ്പെക്ടര്‍ ആര്.മനോജ്, വടശ്ശേരിക്കര എസ്.എച്ച്.ഒ. കവിരാജന്, എസ്.ഐ.ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. പെരുനാട് വയറന്മരുതിയില് അല്പനേരം സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ രാജേഷിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.