തിരുവല്ല: അയല്‍വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ ചാമക്കാലയില്‍ ജോണ്‍ ചാക്കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂതിരിക്കാട്ട് മലയില്‍ മുല്ലശ്ശേരി മലയില്‍ ശ്രീധരന്, തോമ്പില്‍ പുത്തന്‍പുരയില്‍ പ്രകാശ്, പുത്തന്‍പറമ്പില്‍ തോമസ് എന്നിവരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് പോലീസ് ജോണ്‍ ചാക്കോയെ അറസ്റ്റ് ചെയ്തത്. ശനി രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. ശ്രീധരന്റെ വീടിന്റെ ചുറ്റുമുള്ള ജനല്‍ ചില്ലകള്‍ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയും ശ്രീധരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
അവിവാഹിതനായ ശ്രീധരനും (76) സഹോദരി ചെല്ലമ്മയും (70) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ ജോണ്‍ ചാക്കോ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചെന്നും പരാതിയുണ്ട്.
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയതറിഞ്ഞ് ജോണ്‍ ചാക്കോ വീടിനുള്ളില്‍ കയറി കതകടച്ചു. പൊലീസ് സംഘം മടങ്ങിയതോടെ വീടിന് പുറത്തിറങ്ങിയ ജോണ്‍ ചാക്കോ ശ്രീധരന്റെ വീടിന് നേരെ വീണ്ടും ആക്രമണം നടത്തി.
ഇന്നലെ രാവിലെ 7.30 ന് പ്രകാശിന്റെയും തോമസിന്റെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പ്രകാശിന്റെ വീട്ടിലേക്കുള്ള ജല വിതരണക്കുഴല്‍ അടിച്ചു തകര്‍ത്തു. തോമസിന്റെ വീടിന് മുന്പില് സ്ഥാപിച്ചിരുന്ന ലൈറ്റ് അടിച്ചു പൊട്ടിക്കുകയും ജലവിതരണക്കുഴല്‍ തകര്‍ക്കുകയും ചെയ്തെന്നു പറയുന്നു.
തുടര്‍ന്ന് 12 മണിയോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ജോണ്‍ ചാക്കോയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അയല്‍വാസികള്‍ നല്കിയ പരാതിയില്‍ ജോണ്‍ ചാക്കോയ്ക്ക് എതിരെ കേസെടുത്തതായി സിഐ പി.എസ്.വിനോദ് പറഞ്ഞു.