മൂവാറ്റുപുഴ: പാര്‍ട്ടി ഏതായാലും പ്രചാരണ വാഹനം മൂവാറ്റുപുഴ മജീദിന്റെ കരവിരുതില്‍ തന്നെ. തെരഞ്ഞെടുപ്പ് കാലമായാല്‍ പിന്നെ മജീദിന് നിന്ന് തിരിയാന്‍ സമയമില്ല. പ്രചാരണ വാഹനങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും മനസ്സറിഞ്ഞു ഒരുക്കി നല്കാന് മജീദിന് പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെയാണ് പ്രചാരണ വാഹനങ്ങളുടെ കാര്യത്തില്‍ എല്ലാവരും മജീദിന്റെ വര്‍ക്ഷോപ്പില്‍ ഓടിയെത്തുന്നത്.
കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ഏറെ ഉണ്ടെന്നതിനാല്‍ ഇക്കുറി തിരക്ക് ഉണ്ടാവില്ലെന്ന മജീദിന്റെ കണക്കൂകൂട്ടലുകള്‍ പാടെ തെറ്റി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും പ്രചാരണ വാഹനങ്ങള്‍ക്കു വേണ്ടിയുള്ള വിളികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് മജീദ് പറയുന്നു. കാവുങ്കര വെളിയത്ത് മജീദിന്റെ കരവിരുതില്‍ 40 വാഹനങ്ങള്‍ മൂവാറ്റുപുഴയിലെ വര്‍ക്ഷോപ്പില്‍ ഇപ്പോള്‍ തയ്യാറാണ്.
മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്തു നടന്ന ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മജീദ് ഒരുക്കിയ വാഹനങ്ങളാണ് സ്ഥാനാര്‍ത്ഥികളുമായി നാടു മുഴുവന്‍ കറങ്ങി വോട്ടു തേടിയത്. ഇക്കൊല്ലവും അതിനു മാറ്റമില്ല.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന നാല്പതോളം സ്ഥാനാര്‍ഥികള്‍ വാഹനങ്ങള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ പ്രകാശ വിന്യാസങ്ങളോടെ സ്ഥാനാര്‍ഥിക്ക് ഇരിക്കാനും നില്‍ക്കാനും അണികളെ അഭിസംബോധന ചെയ്യാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെ ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മജീദ് വാഹനങ്ങള്‍ ഒരുക്കുന്നത്. ഒരു വാഹനം ആവശ്യമായ സൗകര്യങ്ങളോടെ ഒരുക്കി എടുക്കാന്‍ നാലു ദിവസം മതിയാകും.
ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഒക്കെ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അവസാനവട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണ വാഹനങ്ങള്‍ കൂടിയേ കഴിയൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സ്ഥാനാര്‍ഥികള്‍ പ്രചാരണ വാഹനങ്ങള്‍ ആവശ്യപ്പെട്ടു വിളിച്ചെങ്കിലും ഇത്തവണ കൂടുതല്‍ വാഹനങ്ങള്‍ ഒരുക്കുന്നില്ല.
തെരഞ്ഞെടുപ്പിന് അധിക ദിവസം ശേഷിക്കുന്നില്ല എന്നതിനാല്‍ വാഹനങ്ങള്‍ ഒരുക്കി ഇറക്കിയാല്‍ മുടക്കുമുതല്‍ കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്ന് മജീദ് പറയുന്നു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിക്കും ഒരു മാസത്തേക്ക് എങ്കിലും പ്രചാരണ വാഹനങ്ങള്‍ വേണ്ടി വരുന്നതിനാല്‍ വാഹനങ്ങള്‍ ഒരുക്കി നല്‍കുന്നത് ലാഭകരമാണെന്നാണ് മജീദ് പറയുന്നത്.