മലയിന്‍കീഴ്: വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വല്ലഭനെന്ന ആനയുടെ കൊമ്പ് മുറിക്കല്‍ അനിശ്ചിതത്വത്തില്‍ ആയി. ക്ഷേത്രത്തിലെ ആനയായ വല്ലഭന്റെ നീളമേറിയ കൊമ്പുകള്‍ എങ്ങനെ മുറിക്കണം എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഇന്നലെ രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും എത്തിയത്.
കൊമ്പിന്റെ നീളവും ഭാരവും കാരണമുള്ള ദുരിതം മൂലം ദേവസ്വം ബോര്‍ഡ് വനം വകുപ്പിന് അപേക്ഷ നല്‍കുകയും കൊമ്പുമുറിക്കാനുള്ള അനുമതിയും വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആനയുടെ അടുത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പ് ക്രമപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ജോലിയെന്ന് വ്യക്തമാക്കി.
അതേസമയം ശേഷിക്കുന്ന കൊമ്പ് ചെത്തി മിനുക്കി ആകൃതി വരുത്തണമെന്ന് ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കില്‍ ആനയ്ക്കും പരിചരിക്കാന്‍ തങ്ങള്‍ക്കും ബുദ്ധിമുട്ടാണെന്ന് പാപ്പാന്മാരും അറിയിച്ചു. ഉപദേശകസമിതിയും നാട്ടുകാരും ആനപ്രേമികളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തി.
എന്നാല്‍ ഉത്തരവ് പ്രകാരമുള്ള രീതിയില്‍ മാത്രമേ കൊമ്പ് മുറിക്കാന്‍ സാധിക്കൂകയുള്ളൂ എന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ദിവ്യ എസ് റോസ് അറിയിച്ചതോടെ പ്രശ്നം രൂക്ഷമായി. മൂന്ന് മണിക്കൂറോളം ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായം ഉണ്ടായില്ല.
സംഭവം ചൂണ്ടി കാണിച്ചു ദേവസ്വം കമിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് തീരുമാനിച്ചിക്കുകയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍.