കുമ്പളങ്ങി: കുമ്പളങ്ങികാര്ക്ക് കൗതുകമായി വീട് ഉയര്‍ത്തല്‍. കുമ്പളങ്ങി സ്വദേശിയുടെ 900 ചതുരശ്ര അടിയുള്ള വീട് ഒരു മാസം കൊണ്ട് 5 അടി ഉയര്‍ത്തി ബീഹാര്‍ സ്വദേശികള്‍. ജാക്കികള്‍ ഉപയോഗിച്ചുള്ള വീട് ഉയര്‍ത്തല്‍ പ്രദേശവാസികള്‍ക്ക് കൗതുകമായി.
വീട് ഉയര്‍ത്തുന്ന ജോലിക്കായി ഒന്നര മാസം മുന്‍പാണ് ബിഹാറില്‍ നിന്ന് 6 അംഗ സംഘം കേരളത്തിലെത്തുന്നത്. ഹരിയാന ആസ്ഥാനമായ കെട്ടിടനിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് വീട് ഉയര്‍ത്തിയത്. കേരളത്തിലെ ആദ്യ വീട് ഉയര്‍ത്തുന്ന ദൗത്യമാണ് കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയത്.
ബിഹാര്‍ ഭഗല്‍പുര്‍ ജില്ലാ സ്വദേശികളാണ് ജോലിക്കെത്തിയത്. കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ മറ്റിടങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യം. ദൗത്യം വിജയിച്ചതോടെ കുമ്പളങ്ങിയില്‍ തന്നെ 3 വീടുകള്‍ ഉയര്‍ത്തുന്നതിന് ഇവര്‍ക്ക് കരാര്‍ ലഭിച്ചിട്ടുണ്ട്. അടുത്ത വീട് ഉയര്‍ത്തുന്ന ജോലിയും ആരംഭിച്ചു.
അതേസമയം, കേരളത്തില്‍ വീട് ഉയര്‍ത്തുന്നത് ഇതാദ്യമായല്ല. 2018-ലെ പ്രളയത്തോടെയാണ് വീട് ഉയര്‍ത്തുന്നതിന് ആവശ്യക്കാര്‍ വര്‍ധിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വീടുള്ളവരില്‍ പലരും വീടുകള്‍ ഉയര്‍ത്തിവെയ്ക്കാന്‍ തുടങ്ങി.
വീടുകള്‍ മാത്രമല്ല, അപ്പാര്‍ട്ട്മെന്റുകള്‍, കൊമേഷ്യല്‍ ബില്‍ഡിംഗുകള്‍ എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ ഉയര്‍ത്താന്‍ കഴിയും. വീടുകള്‍ക്ക് യാതൊരുവിധത്തിലുള്ള കേടുപാടുകളും കൂടാതെയാണ് അവയുടെ അടിത്തറ ഉയര്‍ത്തുന്നത്. ഒരു വീട് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചാല്‍ എത്ര അടിയാണ് ഉയര്‍ത്തേണ്ടതെന്നു നിര്‍ണയിക്കും. സാധാരണയായി മൂന്നടി മുതല്‍ എട്ടടി വരെയാണ് വീടുകള്‍ ഉയര്‍ത്തുന്നത്.