വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിനും ആനകളെ അനുവദിച്ചു. ഇന്നലെ ചേര്‍ന്ന ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.
ഓരോ ആനയെ വീതം എഴുന്നള്ളിക്കാനാണ് അനുമതി. കൊടിയേറ്റ് അറിയിപ്പ്, വൈക്കത്തഷ്ടമി ആറാട്ട്, തെക്കുംചേരിമേല്‍ വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പുകള്‍ എന്നിവയ്ക്കു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനകളെ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് എഴുന്നള്ളിക്കാനും അനുമതിയുണ്ട്. 26 പേര് മാത്രമേ ആനകളെ അനുഗമിക്കാനാകൂ.
ആനയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സികെ ആശ എംഎല്‍എ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കത്തു നല്‍കിയിരുന്നു. അന്തിമ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡ് കലക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നു മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്നാണ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഒരു ആനയെ എഴുന്നള്ളിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്.
വൈക്കത്തഷ്ടമി ചടങ്ങുകള്‍ക്ക് ആനയെ അനുവദിക്കാതിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒരു മാസമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരനടയില്‍ നാമജപയജ്ഞം നടത്തിവരികയായിരുന്നു.
അതേസമയം, വൈക്കത്തഷ്ടമി, ഉദയനാപുരം തൃക്കാര്‍ത്തിക എന്നിവയ്ക്ക് ഒരു ആനയെ വീതം അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്നു ഹിന്ദു ഐക്യവേദി. ഇതോടെ അഷ്ടമി ആഘോഷങ്ങളുടെ വിടപറച്ചില്‍ ചടങ്ങ് ആചാരമായി നടത്താന്‍ കഴിയും.