ചെന്നൈ: തമിഴ്നാട്ടില്‍ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും മരുമകനെയും ക്രൂരമായി വെട്ടിക്കൊന്ന് പിതാവ്. തൂത്തുക്കുടി വീരപ്പെട്ടിയിലാണു സംഭവം. വീരപ്പെട്ടി സ്വദേശികളായ രേഷ്മ, ഭര്‍ത്താവ് മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രേഷ്മയുടെ അച്ഛന് മുത്തുക്കുട്ടിയെ പൊലിസ് അറസ്റ്റു ചെയ്തു. വീരപ്പട്ടി ഗ്രാമത്തിലെ ആര്.സി. സ്ട്രീറ്റ് സ്വദേശി രേഷ്മയും അയല്‍വാസി മണികരാജുവുമായി ഏറെകാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ രേഷ്മയുടെ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
also read: കരള്‍ രോഗം, സംവിധായകന് ജെ.ഫ്രാന്‍സിസ് അന്തരിച്ചു
ഇതോടെ ദിവസങ്ങള്‍ക്കു മുന്‍പ് ഇരുവരും വീടുവിട്ടിറങ്ങി. തൂത്തുക്കുടിയിലെത്തി വിവാഹം കഴിച്ചു വാടക വീട്ടില്‍ താമസവുമാക്കി. പിന്നീട് വീരപ്പട്ടി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് ഇരുവരെയും തിരികെ ഗ്രാമത്തിലെത്തിച്ചത്. താമസിക്കാനുള്ള സംവിധാനവും ഒരുക്കി കൊടുത്തു.
എന്നാല്‍, കൂലിപ്പണിക്കാരനായ മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ രേഷ്മയുടെ അച്ഛന് മുത്തുക്കുട്ടി തയാറായിരുന്നില്ല. വൈകീട്ട് ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി, രണ്ടുപേരെയും അരിവാളുകൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.