ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം. പ്രവര്‍ത്തന രഹിതമായ 600 മൊബൈല്‍ ടവറുകളാണ് ഇതിനോടകം തമിഴ്നാട്ടില്‍ കാണാതായത്. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്.
സംഭവവുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. ഓരോ ടവറിനും 25 മുതല്‍ 40 ലക്ഷം വരെ ചെലവുണ്ടെന്നും മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കമ്പനി നല്കിയ പരാതിയില്‍ പറയുന്നു.
also read: നദിയില്‍ കുളിക്കുന്നതിനിടെ പരസ്പരം ചുംബിച്ച് ദമ്പതികള്‍, ഭര്‍ത്താവിനെതിരെ സദാചാര ആക്രമണം
2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും മോഷ്ടാക്കള്‍ ഓരോന്നായി മോഷ്ടിക്കാന്‍ തുടങ്ങിയെന്നും കമ്പനി പരാതിയില്‍ പറയുന്നു.
തമിഴ്നാട്ടില്‍ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജണല്‍ ഓഫീസിനായിരുന്നു ചുമതല. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.