ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരെ സദാചാര ആക്രമണം. അയോദ്ധ്യയില്‍ സരയൂ നദിയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ആളുകള്‍ ചേര്‍ന്ന് ദമ്പതികളെ വളയുകയും ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അയോദ്ധ്യ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സരയൂ നദിയിലെ രാം കി പൗഡി ഘട്ടില്‍ വെച്ച് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവം നടന്നതെന്നെതിനെ കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ദമ്പതികള്‍ പരസ്പരം ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ആളുകള്‍ കുടുംബമായി നില്‍ക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികള്‍ക്ക് അരികിലേക്ക് എത്തിയ ഒരാള്‍ ഭര്‍ത്താവിനെ പിടിച്ച് വലിക്കുകയും തുടര്‍ന്ന് അടിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ആളുകള്‍ കൂട്ടംചേര്‍ന്ന് ഇയാളെ മര്‍ദിക്കാന്‍ തുടങ്ങിയത്. മര്‍ദനത്തില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം പാഴാവുന്നതും വീഡിയോയില്‍ കാണാം. ക്രൂരമര്‍ദനത്തിന് ശേഷം വെള്ളത്തില്‍ നിന്നും ആള്‍ക്കൂട്ടം ഇയാളെ കരയിലേക്ക് വലിച്ചുകയറ്റുകയും തുടര്‍ന്ന് അവിടെ നിന്ന് വീണ്ടും മര്‍ദിച്ചു. ഇതിനിടയില്‍ ചിലര്‍ ഇടപെട്ട് ദമ്പതികളെ അവിടെ നിന്ന് പറഞ്ഞ് വിടുന്നതും വീഡിയോയില്‍ കാണാം.