പീഡന ശ്രമം തടഞ്ഞ യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ട് യുവാവ്. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 24 വയസ്സുകാരിക്കെതിരെയാണ് അക്രമമുണ്ടായത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ തലയില്‍ ഉള്‍പ്പെടെ ഗുരുതരമായ പരുക്കുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ജബല്‍പൂര്‍ എസ്പി വിനായക് വര്‍മ ദേശീയ മാധ്യമത്തോടു പറഞ്ഞു.
പെണ്‍കുട്ടി ബഗേശ്വര് ധാം ക്ഷേത്രം സന്ദര്‍ശിക്കുന്നതിനാണ് ചത്തര്പുരിലെത്തിയത്. ഖജുരാഹോ- മഹോബ എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചര്‍ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. ട്രയിനെടുക്കുന്നതിനു തൊട്ടുമുന്‍പ് അക്രമിയായ യുവാവ് ഇതേ കംപാര്‍ട്ട്മെന്റില്‍ കയറുകയായിരുന്നു.
ഇരുവരും മാത്രമാണ് കംപാര്ട്ട്മെന്റിലുണ്ടായിരുന്നത്. ട്രെയിന്‍ പുറപ്പെട്ടതോടെ യുവതിയോടു പ്രതി മോശം രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയുടെ സീറ്റിനടുത്തുപോയി ഇരുന്നശേഷം യുവതിയെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി യുവതിയുടെ വസ്ത്രങ്ങള്‍ നീക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അടുത്ത കംപാര്‍ട്ട്മെന്റിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതായും അക്രമിയുടെ കൈ കടിച്ചുമുറിച്ചതായും യുവതി മൊഴി നല്കി. യുവതി ചെറുത്തുനിന്നതോടെ അക്രമി അവരെ ട്രെയിനില്‍നിന്ന് തള്ളി താഴെയിടുകയായിരുന്നു.