മോഡിനഗര്‍: മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നെഞ്ചുപൊട്ടി സമരം നടത്തിയ അമ്മയ്ക്കുനേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
സ്കൂള്‍ വിദ്യാര്‍ഥിയായ കുട്ടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ അമ്മയെ ‘മതി ഇനി മിണ്ടരുത്’ എന്നു പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥ ശകാരിച്ചത്. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ലയാണ് അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിച്ചത്.
ബുധനാഴ്ച രാവിലെ സ്കൂളില്‍ പോകുന്നതിനിടെയാണ് പത്തു വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്ദിക്കാന് തോന്നിയപ്പോള്‍ വിന്‍ഡോയില്‍ തലചായ്ച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് ഡ്രൈവര്‍ ബസ് പെട്ടെന്ന് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു.
എന്നാല്‍ സ്കൂളിനെതിരെ നടപടി എടുത്തില്ല. ഇതെത്തുടര്‍ന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് സ്കൂള്‍ ബസ് സര്‍വീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.