നെടുങ്കണ്ടം: വഴിയോരക്കച്ചവടക്കാരില്‍ നിന്നും ചൂരമീന്‍ വാങ്ങി വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍. തോവാളപ്പടി സ്വദേശി പുഷ്പവല്ലിയാണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പുഷ്പവല്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയായിരുന്നു സംഭവം. പുഷ്പവല്ലി വഴിയോരക്കച്ചവടക്കാരില്‍ നിന്നു മീന്‍ വാങ്ങിയിരുന്നു. വലിയ ചൂരമീനിന്റെ ഒരു ഭാഗം വാങ്ങി വറുത്തു. 4 കഷണമാണ് വറുത്തത്. ഇത് കൂട്ടി ചോറുണ്ടു. ചോറുണ്ടതിനു പിന്നാലെ ചെറിയ തോതില്‍ അസ്വസ്ഥത തുടങ്ങിയെന്നും തലയില്‍ പെരുപ്പുണ്ടായെന്നും പുഷ്പവല്ലി പറയുന്നു.
ഇതിനിടെ ഹൃദയമിടിപ്പും കൂടി. നടക്കാന്‍ പറ്റാതെ വന്നതോടെ ഭിത്തിയില്‍ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി ഇവരുടെ സഹായം തേടി. സമീപവാസിയായ കുടുംബമാണ് പുഷ്പവല്ലിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്താന്‍ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.
ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പുഷ്പവല്ലിയെ ഇന്നലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയില്‍ നിന്നു വിവരങ്ങള്‍ തേടി. ഒരാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീന്‍ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തിരുന്നു. പച്ചമീന്‍ കഴിച്ച കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു.