മലയാളത്തിന്റെ സ്വന്തം താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇരുവരുടേയും വിവാഹവാര്‍ഷികത്തിന്റെ ആഘോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങള്‍.
‘നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്. ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍’ എന്ന് സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിജു മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ദമ്പതികളുടെ ചിത്രം ആലേഖനം ചെയ്ത ഒരു കേക്കിന്റെ ഫോട്ടോയാണ് സംയുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
നിരവധി സിനിമകളില്‍ നായികാ നായകന്മാരായി ഒരുമിച്ച് അഭിനയിച്ച ഇവര്‍ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2002ല്‍ വിവാഹിതരായ ഇവര്‍ ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ്.
ലാല്‍ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി എത്തി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു സംയുക്തയുടെ തീരുമാനം. എന്നാല്‍ ബിജു മേനോന് തിരക്കുള്ള അഭിനേതാവായി തുടരുകയാണ്.