ഹരിപ്പാട്: ബസില്‍ കിടന്നു കളഞ്ഞുകിട്ടിയ മൂന്നുപവന്റെ സ്വര്‍ണ്ണമാല ഉടമകള്‍ക്ക് തിരികെനല്‍കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി സി ഷോബു, കണ്ടക്ടര്‍ കായംകുളം സ്വദേശി കൈലാസ് നാഥ് എന്നിവരാണ് മാതൃകാപരമായ പ്രവൃത്തിയിലൂടെ നന്മയുടെ വെളിച്ചമായി മാറിയത്.
ഷോബുവിന്റേയും കൈലാസ് നാഥിന്റേയും ഇടപെടലിലൂടെ കരുനാഗപ്പള്ളി സ്വദേശികളുടെ നഷ്ടപ്പെട്ടെന്ന് കരുതിയ മാലയാണ് തിരികെക്കിട്ടിയത്. കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ കരുനാഗപ്പള്ളി പുതിയകാവില്‍നിന്ന് കയറിയ കുടുംബത്തിലെ കുട്ടിയുടെ മാലയാണ് ബസില്‍ നഷ്ടപ്പെട്ടത്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍വന്ന ഇവര്‍ കായംകുളത്തിറങ്ങി. പുതിയ സ്വര്‍ണമാല കുട്ടി ആദ്യമായിട്ടാണ് ധരിക്കുന്നത്. വിവാഹവീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. അവര്‍ ഉടനെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെത്തി. ടിക്കറ്റില്‍ നിന്ന് ബസ് ഹരിപ്പാട് ഡിപ്പോയിലേതാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഫോണില്‍ ഹരിപ്പാട് ഡിപ്പോയിലേക്ക് വിളിച്ചപ്പോഴാണ് മാല ജീവനക്കാരുടെ പക്കല്‍ സുരക്ഷിതമായുണ്ടെന്നറിയുന്നത്. ഇതോടെ വിവാഹവീട്ടിലേക്കുമടങ്ങിയ വീട്ടുകാര്‍ രാത്രി ഹരിപ്പാട് ഡിപ്പോയിലെത്തി. സര്‍വീസ് കഴിഞ്ഞുവന്ന ഷോബുവും കൈലാസ് നാഥും ചേര്‍ന്ന് മാല മടക്കിനല്‍കി.
ബസ് ഹരിപ്പാട് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കൈലാസ് നാഥാണ് മാല കണ്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരോട് വിവരം തിരക്കിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല.ഇതോടെ ഡിപ്പോയില്‍ വിവരമറിയിച്ചശേഷം സര്‍വ്വീസ് തുടരുകയായിരുന്നു. മാല വാങ്ങാനെത്തിയ കുട്ടിയുടെ മുത്തച്ഛനും ബന്ധുക്കളും ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ ശേഷമാണ് മടങ്ങിയത്.