തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിങ്. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്.
ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്. കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആറന്മുള ചുട്ടിപ്പാറയില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തളിപ്പറമ്പ് ആന്തൂരില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു.
ഹരിപ്പാട് പതിയാങ്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട് ഒരു സംഘം ആക്രമിച്ചു. കണ്ടു നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. കോണ്‍ഗ്രസ് പ്രവര്ത്തകന് മണിക്കുട്ടന്റെ അയല്‍വാസി ശാര്ങ്ഗധരന് ആണ് മരിച്ചത്. കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘര്‍ഷം.
കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.
തളിപ്പറമ്പില്‍ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പര്‍ 110ല്‍ കള്ളവോട്ടിനെത്തിയ ആളെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. സിപിഎം പ്രവര്‍ത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പോലീസ് തള്ളി. ഒന്നാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. അമ്പലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പര്‍ 67ല്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.
കല്പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി ഉയര്‍ന്നു. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍ നിന്നു തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേര് വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്.