പൂച്ചാക്കല്‍: യാത്രാബോട്ടില്‍ നിന്നു കായലില്‍ ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 6.40ന് തവണക്കടവ്-വൈക്കം ഫെറിക്കു സമീപമായിരുന്നു സംഭവം.
തവണക്കടവില്‍ നിന്ന് ബോട്ട് വിട്ട് കുറച്ചുകഴിഞ്ഞപ്പോഴാണ് ചേര്‍ത്തല ഒറ്റപ്പുന്ന സ്വദേശിയായ അറുപതുകാരന് കായലിലേക്ക് ചാടിയത്. ഇതുകണ്ട ലാസ്ക്കര്‍ എ.ബാബു പിന്നാലെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു.
ഇയാളുടെ അടുത്തേക്ക് നീന്തിയെത്തിയ ബാബു ഇയാള്‍ക്ക് ശ്വാസം ലഭിക്കുന്ന രീതിയില്‍ വെള്ളത്തില്‍ ഉയര്‍ത്തി പിടിച്ചു. മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തി. തുടര്‍ന്ന് മറ്റ് ജീവനക്കാരുടെ സഹായത്തോടെ ഇരുവരെയും ബോട്ടില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ശിശ്രൂഷകള്‍ നല്കി. ബോട്ട് ഡ്രൈവര്‍ ഷിബു, സ്രാങ്ക് അജി, ലാസ്ക്കര്‍ രമേശന് എന്നിവരായിരുന്നു ബോട്ടിലെ മറ്റ് ജീവനക്കാര്‍.