തിരുവനന്തപുരം: മകളുടെ പേരില്‍ മത്സരിക്കാനൊരുങ്ങി ഒരമ്മ. തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ ഡിവിഷനില്‍ നിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ജയലക്ഷ്മിക്കാണ് മകളുടെ പേരില്‍ മത്സരിക്കേണ്ടി വരുന്നത്. ജയലക്ഷ്മി എന്ന പേരില്‍ മൂന്ന് പേര് മത്സരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പേര് മാറ്റേണ്ടി വന്നത്.
ജയലക്ഷ്മി എന്ന പേരില്‍ 3 പേര് പത്രിക നല്‍കിയതിനു പരിഹാരമായി കണ്ടെത്തിയ മാര്‍ഗമാണ് പേര് മാറ്റല്‍. അതു പക്ഷേ എത്തിച്ചേര്‍ന്നത് മകളുടെ പേരിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ രണ്ടു ജയലക്ഷ്മിമാര്‍ കൂടി അപരരായി എത്തിയപ്പോള്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീട്ടുപേര് കൂടി ബാലറ്റിലെ പേരില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
ഇതോടെ റോസാപ്പൂ ചിഹ്നത്തില്‍ മത്സരിക്കുന്നത് ആറുമുറി വലിയവിളാകം പുരയിടം ജയലക്ഷ്മിയായി. ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നത് വയല്‍ നികത്തിയ പുരയിടം ജയലക്ഷ്മിയാണ്. ഇതേ രീതിയില്‍ വീട്ടു പേര് ഉള്‍പ്പെടുത്തിയ ബിജെപി സ്ഥാനാര്‍ത്ഥി മാളവിക ജയലക്ഷ്മിയായി. മകള്‍ മാളവികയുടെ പേര് വീടിനിട്ടതിനാല് ആ പേരാണ് ബാലറ്റില്‍. ഇങ്ങനെയാണ് മകളുടെ പേര് ബാലറ്റില്‍ എത്തിയത്.
സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സ്ഥാനാര്‍ത്ഥി ഈ വിവരമറിഞ്ഞത്. പരാതിപ്പെട്ടെങ്കിലും ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജര്‍മനിയില്‍ ജോലി ചെയ്യുന്ന മകളുടെ പേര് തെരഞ്ഞെടുപ്പില്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ അമ്മ ജയലക്ഷ്മി.