കൊച്ചി: ഗ്യാസ് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ആലുവ തായിക്കാട്ടുകര എസ്എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീടാണ് കത്തിയത്. തീപിടുത്തത്തില്‍ വീട് ഭാഗീകമായി കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിനും പൊള്ളലേറ്റു.
തീപിടുത്തം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ സുരേഷിന്റെ മകളേയും കുഞ്ഞിനേയും ഉടന്‍ പുറത്തേയ്ക്ക് കൊണ്ടുപോയത് വലിയ അപകടം ഒഴിവാക്കി. ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപടരുകയായിരുന്നു.
ഫ്രിഡ്ജ്, വാഷിങ് മെഷീന്, അലമാര, കട്ടില്, മേശ എന്നിവയാണ് കത്തിനശിച്ചത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കാനായത്.