കോഴിക്കോട്: നീണ്ട എട്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം മാനാഞ്ചിറ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വീണ്ടും ചിത്രപ്രദര്‍ശനം ആരംഭിച്ചു. വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി എംആര്‍ രമേഷിന്റെ ‘ഹാഡിക്ക’ ചിത്രപ്രദര്‍ശനമാണ് കഴിഞ്ഞ ദിവസം ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന ചിത്രപ്രദര്‍ശനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
മുള്ളുക്കുറുമ എന്നഗോത്ര വിഭാഗത്തില്‍ നിന്നുള്ള ചിത്രകാരനായ രമേഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ആണ് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്. ഗോത്രവിഭാഗത്തിന്റെ ഓര്‍മയാവുന്ന ആചാരങ്ങളാണ് ചിത്രങ്ങളിലൂടെ രമേഷ് അവതരിപ്പിക്കുന്നത്. കാട്ടുനായ്ക്ക വിഭാഗക്കാര്‍ തങ്ങളുടെ രോഗം വിശ്വാസത്തിലൂടെ മാറ്റുന്ന രീതിയാണ് ‘ഹാഡിക്ക’. ചിത്രപ്രദര്‍ശനം കെ സുധീഷ്കുമാര്‍ ആണ് ഉദ്ഘാടനം ചെയ്തത്. 28ന് ചിത്രപ്രദര്‍ശനം സമാപിക്കും.