പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കള്‍ക്കെതിരെ കേസ്. നാലു യുവാക്കളും മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നിര്‍ദേശം നല്കി. സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളാണ് യുവാക്കള്‍ പിടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോരിച്ചൊരിഞ്ഞ മഴയില്‍ തടിപിടിച്ചെടുത്ത് വരുന്ന യുവാക്കളുടെ വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തടിയില്‍ കയറി പറ്റാന്‍ കഴിഞ്ഞെങ്കിലും തടി കരയില്‍ എത്തിക്കാന്‍ യുവാക്കള്‍ക്ക് സാധിച്ചില്ല.
ഒടുവില്‍ തടി ഒഴുക്കിനൊപ്പവും യുവാക്കള്‍ തിരിച്ച് കരയിലേക്കും നീന്തിക്കയറി. എല്ലാം കണ്ട് കരയ്ക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. തടിയുടെ മുകളില്‍ കയറി കുറച്ച് ദൂരം യുവാക്കള്‍ യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാമായിരുന്നു.
പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വന്‍ വിമര്‍ശനം വിളിച്ച് വരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് അറിയിച്ചത്.