ന്യൂഡല്‍ഹി: കുമ്പസാരവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സഭയിലും വിശ്വാസ സമൂഹങ്ങളിലും നിലനില്കെ, കുമ്പസാര രഹസ്യം പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചു. നിര്‍ബന്ധിത കുമ്പസാരം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് മലയാളികളായ അഞ്ച് സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നിര്‍ബന്ധിത കുമ്പസാരമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി നല്‍കിയത്. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശി ലാലി ഐസക്, കോട്ടയം സ്വദേശിനിയായ ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മതവിശ്വാസത്തില്‍ നിര്‍ബന്ധിത കുമ്പസാരം ഒഴിച്ചുകൂടാനാകാത്തത് ആണോ എന്ന് പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. കുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണോ എന്ന് കോടതി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ ഒറ്റപ്പെട്ടതും വ്യക്തിപരവുമായിരിക്കാമെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. ഹര്‍ജിക്ക് പിന്നില്‍ ഓര്‍ത്തോഡോക്സ് – യാക്കോബായ തര്‍ക്കമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയ കേരളാ ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടെ 9 അംഗ ബഞ്ച് പരിഗണിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ നല്കിയ റിട്ട് ഹര്‍ജിയും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്ത്തഗി വ്യക്തമാക്കി