ഷൊര്‍ണൂര്‍: ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതു ഡോഗ് സ്ക്വാഡിലെ നായ. സംഭവസ്ഥലത്തു നിന്നു 12 കിലോമീറ്റര്‍ അകലെ മണംപിടിച്ച് ഓടിയാണ് നായ പ്രതിയെ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പഴമല നടരാജന്(60)നെയാണ് ഷൊര്‍ണൂര്‍ എസ്എംപി ജംക്ഷനില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മൊബൈല്‍ ടവറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥലത്തു പരിശോധനയ്ക്കു കൊണ്ടുവന്ന ഡോഗ് സ്ക്വാഡിലെ പാറു എന്ന നായയാണു മണം പിടിച്ച് ഓടി പ്രതി ജോര്‍ജ്(60)നെ തൃശൂര്‍ ആറ്റൂരില്‍ നിന്നു പിടികൂടാന്‍ സഹായിച്ചതെന്നു പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
നടരാജനൊപ്പം സ്ഥിരം ഉണ്ടാവാറുള്ള ജോര്‍ജ് തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍, മദ്യലഹരിയില്‍ നടരാജനെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറയുന്നു. സിഐ കെ ഹരീഷ്, എസ്ഐ കെവി വനില്‍കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ എകെ പ്രകാശന്, എംഎം ഷാഹുല്‍ഹമീദ്, എസ്സിപിഒമാരായ കെവി ജയദേവന്, കെബി സന്തോഷ്കുമാര്‍, കെ രമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, ജൂലായ്യില്‍ കോട്ടയത്ത് മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു വീടുവിട്ട് ആരോടും പറയാതെ, ബൈക്കും ഫോണും ഉപേക്ഷിച്ച് ഒളിച്ചിരുന്ന യുവാവിനെ രവി എന്ന നായയാണ് മണത്തറിഞ്ഞ് കണ്ടുപിടിച്ചത്. ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വാഡായ കെ 9 ലെ താരമായ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ട്രാക്കര്‍ നായ രവിയാണ് യുവാവിനെ കണ്ടെത്തി താരമായത്.