ഒല്ലൂര്‍: കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇന്നുമുതല്‍ ഭക്ഷണം വീട്ടിലെത്തും. കോര്പറേഷന് ഒരുക്കുന്ന സമൂഹ അടുക്കളയില്‍ ഇന്ന് ഭക്ഷണ വിതരണം ആരംഭിക്കും.
ഒല്ലൂരിലെ പനംകുറ്റിച്ചിറ യുപി സ്കൂളിലാണ് അടുക്കള പ്രവര്‍ത്തനം ആരംഭിച്ചത്. മേയര്‍ എംകെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷനിലെ 55 ഡിവിഷനുകളിലുള്ളവര്ക്കാണ് സമൂഹ അടുക്കളയുടെ പ്രയോജനം ലഭിക്കുക.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്പറേഷന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഭക്ഷണം വീടുകളിലെത്തിക്കാന്‍ 25 പേര് തയ്യാറായിട്ടുണ്ട്. കൂടാതെ ആശാ വര്‍ക്കര്‍മാര്‍, വൈലോപ്പിള്ളി സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നിവരും സഹായത്തിനെത്തും.
അതേസമയം അടിയന്തരമായി പണം അനുവദിച്ചിട്ടും ഭക്ഷണ വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചില കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. അര്‍ഹതയുള്ളവരെ കണ്ടെത്താനുള്ള പരിശോധനകള്‍ മൂലമാണ് വിതരണം ഒരു ദിവസം വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തൈക്കാട്ടുശേരി ഡിവിഷന് കൗണ്‍സിലര്‍ സിപി പോളിയുടെ നേതൃത്വത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്.