ചാലക്കുടി: കൊവിഡ് ചികിത്സാ കേന്ദ്രമായ താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ കുറവ് പരിഹരിക്കാന്‍ 50 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്കി യുവ വ്യാപാരി. ട്രാംവേ റോഡിലെ കാവുങ്ങല്‍ ഏജന്‍സീസ് ഉടമ ആന്റിന് ജോസ് കാവുങ്ങല്‍ ആണ് 5 ലക്ഷം രൂപയോളം ചെലവു വരുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ നല്കി നാടിന് മാതൃകയായത്.
എലിഞ്ഞിപ്ര കാവുങ്ങല്‍ ജോസിന്റെയും റാണിയുടെയും മകനാണ് ആന്റിന്. വിവരം അറിഞ്ഞു ടൗണിലെ ചുമട്ടുതൊഴിലാളികള്‍ കൂലി വാങ്ങാതെ സിലിണ്ടര്‍ വണ്ടിയില്‍ കയറ്റി നല്കി നന്മയുടെ പ്രതീകങ്ങളായി മാറി. ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. എന്‍എ ഷീജ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏറ്റുവാങ്ങി.
അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനാല് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ വാരാന്ത്യ നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അടുത്തയാഴ്ച കടുത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങള്‍ ഉടനെ അറിയിക്കും.