തൃപ്രയാര്‍: പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ തല കുടുങ്ങി ഒരാഴ്ചയോളം വിശന്നുവലഞ്ഞു കണ്ണുകാണാതെ കഷ്ടപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി. തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരാണ് ഏറേനേരം പ്രയത്നിച്ച് നായയെ രക്ഷപ്പെടുത്തിയത്.
വാടാനപ്പള്ളി അഞ്ചങ്ങാടിയിലാണ് പ്ലാസ്റ്റിക് ഡബ്ബയ്ക്കകത്ത് തല കുടുങ്ങി തെരുവുനായ അലഞ്ഞുനടന്നത്. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. കൂടെ കാവലായി എപ്പോഴും ഉണ്ടായിരുന്ന മറ്റൊരു നായ ആരെയും അടുപ്പിച്ചിരുന്നില്ല. ഒടുവില്‍ അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തി നായയെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്ലാസ്റ്റിക് ഡബ്ബ ഊരി നായയെ സ്വതന്ത്രനാക്കി. അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകരായ പിആര്‍ രമേഷ്, കെകെ ശൈലേഷ്, മനോജ് പെടാട്ട്, അയ്യപ്പന് അന്തിക്കാട്ട്, നിഖില്‍ നാരാണത്ത്, പിആര്‍ റിജില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നാട്ടുകാരായ പിഎം ഫൈസല്‍, ആര്‍എസ് അന്‍വര്‍, പിഎം അബ്ദുള്‍സലീം, പിഎ ഫൈസല്‍, പിഎം ദില്‍ഷാദ്, എജെ ജലീല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തു.