തൃശൂര്‍: യുഡിഎഫ് കോട്ടകളില്‍ ആവേശം നിറച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം. പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഇന്നു തൃശ്ശൂര്‍ ജില്ലയില്‍ പര്യടനം നടത്തും.
വൈകിട്ട് തേക്കിന്‍കാട് മൈതാനത്തെ പൊതു യോഗവും വിവിധ കേന്ദ്രങ്ങളിലെ റോഡ് ഷോയും അനുകൂല തരംഗം സൃഷ്ടിക്കുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ. കൊച്ചിയില്‍ നിന്നു ഹെലികോപ്റ്ററില്‍ രാവിലെ 10.20ന് പ്രിയങ്ക ചാലക്കുടിയിലെത്തും. 10.30ന് ചാലക്കുടി ടൗണ്‍ഹാള്‍ മൈതാനത്താണ് ആദ്യ യോഗം.
തുടര്‍ന്ന് കൊടകര, ആളൂര്‍ വഴി 11.50ന് ഇരിങ്ങാലക്കുടയിലെത്തി, മുനിസിപ്പല്‍ മൈതാനത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്കു കയ്പമംഗലം, തൃപ്രയാര്‍ വഴി 2.10ന് ചാവക്കാടെത്തും. അവിടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നു കുന്നംകുളം, വടക്കാഞ്ചേരി വഴി തൃശൂരിലെത്തി, 4.40ന് തേക്കിന്‍കാട് മൈതാനിയിലെ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കും. 5.50ന് പുഴയ്ക്കലില്‍ നിന്നു ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോകും.
യുഡിഎഫ് സ്ഥാനാര്‍ഥി കെ ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് 2 മണിക്ക് ചാട്ടുകുളത്ത് പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കും.
വാഹനറാലിയുടെ അകമ്പടിയോടെ നഗരത്തിലേക്ക് നീങ്ങുന്ന പ്രിയങ്ക ഗാന്ധിയെ റോഡിന് ഇരുവശത്തും നിന്ന് ജനങ്ങള്‍ അഭിവാദ്യം ചെയ്യും. നഗരത്തില്‍ മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടി നടത്തും. നഗരത്തിലൂടെ വടക്കാഞ്ചേരിയിലേക്ക് സഞ്ചരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് പന്നിത്തടം, എരുമപ്പെട്ടി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഉണ്ട്.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഇന്നലെ പോലീസ് പ്രിയങ്ക ഗാന്ധി സഞ്ചരിക്കുന്ന പാതകളിലൂടെ റിഹേഴ്സല്‍ റണ്‍ നടത്തി. നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യാസിപ്പിച്ചിട്ടുണ്ട്.
കേരള പര്യടനം തുടരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇന്നു തൃശൂരില്‍ പ്രചാരണത്തിനെത്തും. രാവിലെ 10ന് ഇരിങ്ങാലക്കുടയിലാണ് ആദ്യ യോഗം. തുടര്‍ന്ന് 11ന് തലോര്‍, വൈകിട്ട് 4ന് കാട്ടകാമ്പാല്‍, 5ന് തിരൂര്‍, 6ന് തിരുവില്വാമല കേന്ദ്രങ്ങളിലെ വിവിധ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.