വെള്ളാങ്ങല്ലൂര്‍: പാചക വാതകത്തിന്റെ വില കൂടുന്നത് രമേഷിന്റെ കുടുംബത്തിന് ഒരു പ്രശ്നമേയല്ല കാരണം രമേഷിന്റെ വീട്ടിലെ അടുക്കളയില്‍ വര്‍ഷങ്ങളായി എരിയുന്നത് സ്വന്തം ബയോ ഗ്യാസ് പ്ലാന്റിലെ വാതകമാണ്.
കോണത്തുകുന്ന് സ്വദേശി മാടത്തിങ്കല്‍ രമേഷും അമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബമാണ് 10 വര്‍ഷമായി ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത്. 2010ല്‍ പഞ്ചായത്ത് സബ്സിഡി നിരക്കില്‍ നല്കിയ ബയോഗ്യാസ് പ്ലാന്റ് കൃത്യമായി ഉപയോഗിക്കുന്നതിനാല്‍ പാചകവാതകത്തിന്റെ കാര്യത്തില്‍ ഈ കുടുംബം സ്വയംപര്യാപ്തമാണ്.
2 പശുക്കളുടെ ചാണകവും അയല്പക്കത്തെ വീടുകളിലെ ജൈവ മാലിന്യങ്ങളും മത്സ്യവും മാംസവും കഴുകുന്ന വെള്ളവും ബയോ ഗ്യാസ് പ്ലാന്റില്‍ വാതകമായി മാറും. ആഴ്ചയില്‍ ഒരിക്കല്‍ ചാണകം കലക്കി ഒഴിക്കും. നാളികേരത്തിന്റെ വെള്ളവും പച്ചക്കറി മാലിന്യങ്ങളും പ്ലാന്റിലിടും.
വാതകം ഒട്ടും നഷ്ടപ്പെടാതെ പൈപ്പ് വഴി സ്റ്റൗവിലെത്തിക്കും. 5 ഏക്കറില്‍ നെല്‍ക്കൃഷിയും പാട്ടത്തിനെടുത്ത പറമ്പില്‍ വാഴയും രമേഷ് കൃഷി ചെയ്യുന്നുണ്ട്. പാചകവാതക കണക്ഷന് റദ്ദാവാതിരിക്കാന് വേണ്ടി മാത്രമാണ് 6 മാസത്തിനിടെ ഒരു സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത്.