തൃശ്ശൂര്‍: കോര്പ്പറേഷന് ജീവനക്കാരുടെ കൂട്ടായ്മയില്‍ സ്നേഹവീട് ഒരുങ്ങി ധന്യയ്ക്കും സഹോദരങ്ങള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. പനമുക്ക് സരോവരത്തില്‍ പരേതരായ കോടാക്കി സുനില്‍-സീന ദമ്പതിമാരുടെ മക്കളായ ധന്യ, ദീപക്, ദിപിന് എന്നിവര്‍ക്കാണ് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയനിലെ കോര്പ്പറേഷന് ജീവനക്കാര്‍ സാന്ത്വനമായെത്തിയത്.
യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് അഞ്ച് വീടുകളാണ് ഇവര്‍ നിര്‍മിച്ചുനല്‍കിയത്. സ്നേഹവീടിന്റെ ഗൃഹപ്രവേശചടങ്ങും താക്കോല്‍ദാനവും മന്ത്രി എസി മൊയ്തീന് നിര്‍വഹിച്ചു.
ചീഫ് വിപ്പ് കെ രാജന് സ്നേഹോപഹാരം നല്കി. കരാറുകാരനെ ആദരിച്ചു. മേയര്‍ എംകെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പികെ ഷാജന്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുരേഷ്, സംസ്ഥാന പ്രസിഡന്റ് എന്‍എസ് ഷൈന്‍, എംജി ദിലീപന്, എആര്‍ രാഹുല്‍നാഥ്, കെയു പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.