വെള്ളാങ്ങല്ലൂര്‍: നീട്ടിവളര്‍ത്തിയ സ്വന്തം തലമുടി പൂര്‍ണമായും കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ചു നല്കി ബിടെക് വിദ്യാര്‍ത്ഥിനി. തലമുടി സൗന്ദര്യം മാത്രമല്ല സ്നേഹത്തിന്റെ കരുതല്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ചിരട്ടക്കുന്ന് സ്വദേശികളായ ജോയ് – ബേബി ദമ്പതിമാരുടെ മകള്‍ അഷിത.
70 സെന്റീമീറ്റര്‍ നീളമുള്ള തലമുടിയാണ് വിഗ്ഗ് നിര്‍മിക്കാനായി അഷിത നല്‍കിയത്. തന്റെ മുടി മറ്റുള്ളവര്‍ക്ക് സൗന്ദര്യവും ആത്മധൈര്യവും നല്‍കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നതായി അഷിത പറഞ്ഞു.
മാതാപിതാക്കള്‍, സിസ്റ്റര്‍ റോസ് ആന്റോ എന്നിവരോടൊപ്പം അമല മെഡിക്കല്‍ കോളേജിലെത്തി മുറിച്ചെടുത്ത തലമുടി വിഗ്ഗ് നിര്‍മിക്കാനായി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണിയെ ഏല്‍പ്പിച്ചു. കാസര്‍കോട് തൃക്കരിപ്പുര്‍ എന്‍ജിനീയറിങ് കോളേജില്‍ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഷിത.