തൃശ്ശൂര്‍: മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായി ഈ വര്‍ഷത്തെ ക്ഷീരസഹകാരി അവാര്‍ഡ് സ്വന്തമാക്കി തൃശൂരിലെ വീട്ടമ്മ. കയ്പമംഗലം പള്ളിത്താനം വെസ്റ്റ് സ്വദേശി ഉദയകുമാറിന്റെ ഭാര്യ അംബികയാണ് പുരസ്കാരത്തിന് അര്‍ഹയായത്. മൂന്ന് പതിറ്റാണ്ടായി ക്ഷിര കൃഷിയില്‍ സജീവമായ അംബിക ഇത് മൂന്നാം തവണയാണ് അവാര്‍ഡ് നേടുന്നത്.
45 പശുക്കളും 15 കിടാരികളുമുള്ള ഫാമില്‍ നിന്ന് പ്രതിദിനം 500 ഓളം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ പ്രാദേശിക വില്പന കഴിഞ്ഞുള്ള 300 ലേറെ ലിറ്റര്‍ ക്ഷീര കര്‍ഷക സംഘത്തില്‍ അളന്നു നല്‍കും. ഇവരുടെ ഫാമിനടുത്തുള്ള ആദികേശവപുരം ക്ഷീര കര്‍ഷകസംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല് അളക്കുന്നത് ഈ വീട്ടമ്മയാണ്.
ഇതു കൂടാതെ തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയുണ്ടാക്കി ആവശ്യക്കാര്‍ക്കും വില്പന നടത്തും. പശുക്കള്‍ക്ക് കാലിത്തീറ്റക്ക് പുറമെ സ്വന്തം പാടത്ത് നിന്നുള്ള മികച്ച വൈക്കോലും പറമ്പില്‍ കൃഷി ചെയ്യുന്ന പുല്ലും നല്കുന്നു. ചാണകം വില്പനയാണ് അംബികയുടെ മറ്റൊരു വരുമാനം. ചാക്കിന് 50 രൂപ നിരക്കില്‍ 15ഓളം ചാക്ക് ചാണകo മിക്ക ദിവസങ്ങളിലും വില്പന നടത്തുന്നുണ്ട്.
ഇതു കൂടാതെ, വീട്ടാവശ്യത്തിന് പാചക വാതകം നിര്‍മ്മിക്കാനും ചാണകം ഉപയോഗിക്കുന്നു. ഗോമൂത്രവും പശുവിനെ കുളിപ്പിക്കുന്ന വെള്ളവും സംഭരിച്ച് പറമ്പിലെ പച്ചക്കറി ഉള്‍പ്പടെയുള്ള മറ്റു കൃഷിക്ക് ഉപയോഗിക്കുന്നു. പശുക്കളെ പരിപാലിക്കുന്നതിനും മറ്റു പണികള്‍ക്കുമായി നാലു ജോലിക്കാര്‍ ഏപ്പോഴും തൊഴുത്തില്‍ സജീവമാണ്.
മുന്‍പ് ഫാമില്‍ ഇതിലധികം പശുക്കള്‍ ഉണ്ടായിരുന്നെങ്കിലും മറ്റു പല അസൗകര്യങ്ങള്‍ മൂലം കുറയ്ക്കുകയായിരുന്നു. 2015 ലാണ് ഇതിനു മുന്‍പ് ക്ഷീര സഹകാരി അവാര്‍ഡ് അംബികക്ക് ലഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങളും അംബികക്ക് ലഭിച്ചിട്ടുണ്ട്. കൃഷിയില്‍ എല്ലാവിധ പിന്തുണയും നല്കി ഭര്‍ത്താവ് കൂടെ തന്നെയുണ്ട്.