തെക്കുംകര: മാലിന്യത്തില്‍ നിന്നും പണം ഉണ്ടാക്കുന്ന ഒരു പഞ്ചായത്ത് ഉണ്ട് തൃശൂര്‍ ജില്ലയില്‍. വേയ്സ്റ്റ് തള്ളുന്നവരെ ക്യാമറയില്‍ കുടുക്കി പിന്നെ പിഴ ഈടാക്കി, പണം കണ്ടെത്തുന്ന തെക്കുംകര പഞ്ചായത്ത്. വടക്കാഞ്ചേരി- താണിക്കുടം – തൃശൂര്‍ റോഡില്‍ ഊരോക്കാട് പ്രദേശത്താണ് മാലിന്യം തള്ളാനെത്തുന്നവരെ ക്യാമറയില്‍ കുടുക്കി പിടികൂടുന്നതും പിഴ ഈടാക്കുന്നതും. ഇതിനായി പ്രദേശത്ത് 400 മീറ്ററോളം ദൂരത്തില്‍ 7 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇരുവശവും വന പ്രദേശമായതിനാല്‍ എല്ലാവര്ക്കും എളുപ്പം മാലിന്യം തള്ളാവുന്ന ഇടമായിരുന്നു ഇവിടം. ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നു പോലും സദ്യ നടത്തിപ്പുകാരും കോഴി വില്‍പ്പനക്കാരുമെല്ലാം ഇവിടെ മാലിന്യം ഒരു കണക്കുമില്ലാതെ കൊണ്ടുവന്നു തള്ളുമായിരുന്നു.
ദുര്‍ഗന്ധം സഹിക്കാനാവാതെയാണ് വനം വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. 5.5 ലക്ഷം രൂപ മുടക്കിയാണ് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ക്യാമറ സംവിധാനം ഏര്‍പ്പാടാക്കിയത്.
ക്യാമറ എത്തിയതറിയാതെ മാലിന്യവുമായി വന്നവര്‍ കുടുങ്ങി. ഇവരില്‍ നിന്നെല്ലാം പിഴയും ഈടാക്കി. 6 മാസം കൊണ്ടു തന്നെ 25,000 രൂപ പിരിച്ചെടുത്തു. എന്നാല്‍ ക്യാമറയെക്കുറിച്ചു കൂടുതല്‍ പേര് അറിഞ്ഞതോടെ വരുമാനം കുറഞ്ഞിട്ടുണ്ട്, എന്നാലും മാലിന്യം കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.