തൃശൂര്‍: പ്രമുഖ സിനിമാ താരങ്ങളുടെ സമൂഹമാധ്യമ ആരാധകക്കൂട്ടായ്മകളില്‍ (ഫാന്‍ പേജുകളില്‍) അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന കൗമാരക്കാരന് സൈബര്‍ സെല്ലിന്റെ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കൊല്ലം സ്വദേശിയാണ് കുടുങ്ങിയത്.
ഒന്നിലധികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ ആര് ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം കൗമാരക്കാരനെ വലയിലാക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെ നിരീക്ഷിച്ചു കണ്ടെത്തുകയാണു രീതി.
ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കും. പിന്നീട് സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നല്കാന് പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കാന് വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തും. കൗമാരക്കാരന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചതിക്കുഴിയില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ അകപ്പെട്ടതായി കണ്ടെത്തി. പലരുടെയും ചിത്രങ്ങള്‍ സെക്സ് ഗ്രൂപ്പകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും സംശയമുണ്ട്.
പോലീസിന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക
1. ഓണ്‍ലൈന്‍ പഠനത്തിനു കുട്ടികള്‍ക്കു നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണും ലാപ്ടോപ് കംപ്യൂട്ടറും അവര്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു എന്നുറപ്പാക്കുക.
2. സമൂഹമാധ്യമ ഉപയോഗത്തില്‍ സ്വയം പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
3. ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടാല്‍ അവ തിരിച്ചെടുക്കാനോ പൂര്‍ണമായി മായ്ക്കാനോ സാധ്യമല്ലെന്നു തിരിച്ചറിയുക. ആര്‍ക്കെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കിയാല് അയാള്‍ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തില്‍ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തല്‍ ദുഷ്കരമാണ്.
4. കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നതു എന്നു രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരിക്കുന്നതു നല്ലത്.
5. കുട്ടികളെ സഹായിക്കാന്‍ സിറ്റി പോലീസ് സൗജന്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സിറ്റി വനിതാ സെല്‍ നമ്പര്‍: 0487 2420000.