കൊടകര: ജന്മനാ കാഴ്ചയില്ലാത്ത മാളു എന്ന പെണ്ണാടിനെ അരുമയായി വളര്‍ത്തി ദമ്പതികള്‍. മറ്റത്തൂര്‍കുന്ന് മലയാറ്റില്‍ വീട്ടില്‍ റിട്ടയേര്‍ഡ് പോലീസ് എസ്ഐ തങ്കപ്പനും ഭാര്യ ലതികയുമാണ് കാഴ്ചയില്ലാത്ത മാളുവിന്റെ ഉടമസ്ഥര്‍.
കാഴ്ചശക്തിയില്ലാത്ത ആടായതിനാല്‍ വിറ്റുകളയാന്‍ പലരും ഉപദേശിച്ചതാണ് എന്നാല്‍ വിട്ടുകൊടുത്തില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. ആര്‍ക്കും ആടിനെ വില്‍ക്കില്ലെന്നും അരുമയായി വളര്‍ത്താനാണ് താല്പര്യമെന്നും തങ്കപ്പന് പറഞ്ഞു.
മൂന്നര വര്‍ഷമായി മാളു ഇവര്‍ക്കൊപ്പം കൂടിയിട്ട്. വീട്ടുകാരുടെ ശബ്ദം ഇടയ്ക്കിടെ കേട്ടില്ലെങ്കില്‍ നിര്‍ത്താതെ കരയുന്നതിനാല്‍ 3 വര്‍ഷമായി ഇവര്‍ ദൂര യാത്രകള്‍ നടത്താറില്ല. ഇവരുടെ വീട്ടിലുണ്ടായ ആട് പ്രസവിച്ച 2 കുട്ടികളില്‍ ഒന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചത്തിരുന്നു. ശേഷിച്ച കുഞ്ഞാണ് മാളു.
കാഴ്ചശക്തിയില്ലെന്നു കണ്ട് ഡോക്ടറെ സമീപിച്ചെങ്കിലും കാഴ്ചശക്തി വീണ്ടെടുക്കാനാവില്ലെന്നാണു പറഞ്ഞത്. മാളുവിന് വീട്ടിലെ എല്ലാവരുടെയും ശബ്ദം പരിചിതമാണ്. മൂന്നര വയസുള്ള മാളുവിന്റെ മൂന്നു പ്രസവവും കഴിഞ്ഞു. മാളുവിനെ കൂടാതെ ഇരുപതിലധികം ആടുകളെയും 3 പശുക്കളെയും തങ്കപ്പനും ഭാര്യയും വളര്‍ത്തുന്നുണ്ട്.