തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പിള്ളി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സര്‍വകലാശാല അടക്കം നടത്തുന്ന പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു.
also read: മുക്കത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം; നാലുപേർക്ക് പരിക്ക്
കൊല്ലം പുനലൂര്‍ അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മഴ കാരണം കോന്നി താലൂക്കിലെ ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരളത്തില്‍ ഇന്നുമുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.