തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു വാക്സീന് ചാലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്.
കേന്ദ്രം വാക്സീന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍, സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വൈറലായതോടെ പലരും വാക്സീനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് തുടങ്ങിയിരുന്നു. ഈ വാക്സീന് ചാലഞ്ച് ക്യാമ്പയ്നിലാണ് ജോണ്‍ ബ്രിട്ടാസും ഭാഗമായത്.
അതേസമയം, കണ്ണൂരില്‍ അക്കൗണ്ടില്‍ ആകെ ഉള്ള 2,00,850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കൊവിഡ് വാക്സീന് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിരമിച്ച ബീഡിത്തൊഴിലാളി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ദിനേശ് ബീഡിയില്‍ നിന്നു വിരമിച്ച ബീഡിത്തൊഴിലാളിയാണ് നാടിന്റെ നന്മയ്ക്കായി സംഭാവന നല്‍കിയത്.