പട്ടിക്കാട്: പ്രഭാത നടത്തത്തിനിടെ യുവതിയുടെ കരച്ചില് കേട്ടു സമീപത്തെ വീട്ടില്‍ ഓടിയെത്തി നോക്കിയപ്പോള്‍ പ്രസവം നടക്കുന്നു. രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ദമ്പതികള്‍. പട്ടിക്കാട് റോസ് ഗാര്‍ഡനില്‍ ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലുമാണ് യുവതിയ്ക്കും കുഞ്ഞിനും രക്ഷകരായി അവതരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. പ്രഭാത നടത്തത്തിനിടെ പഞ്ചായത്ത് ഓഫിസിന് സമീപത്തെ വാടക വീട്ടില്‍ നിന്ന് യുവതിയുടെ കരച്ചില് കേട്ട് ഇരുവരും അങ്ങോട്ട് ഓടിയെത്തുകയായിരുന്നു. ഈ സമയം വീടിനകത്ത് യുവതിയുടെ പ്രസവം നടക്കുന്നുണ്ടായിരുന്നു.
നഴ്സായ ഗ്രേറ്റലിന്റെ ഇടപെടല്‍ മൂലമാണ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന യുവതിയെയും കുഞ്ഞിനെയും കൃത്യ സമയത്ത് രക്ഷിക്കാനായത്. വാണിയമ്പാറ സ്വദേശിയായ സിജോയുടെ ഭാര്യ രജനിയാണു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞു കരയാന്‍ സമയമെടുത്തതും ആശങ്കയുണര്‍ത്തിയിരുന്നു.
തുടര്‍ന്ന് നാട്ടുകാരായ ഷീബ, പിജെ അജി, ബെന്നി, രഞ്ജിത്ത് എന്നിവരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പട്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. അതേസമയം, പ്രസവ തീയതി അടുത്ത മാസമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതെന്നാണ് സിജോ പറഞ്ഞത്.