തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല.
നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കലാശക്കൊട്ടിന് പകരം വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നീങ്ങേണ്ടിവരും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്.
പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്.