തിരുവനന്തപുരം: മലയാളികള്‍ക്ക് അഭിമാനിക്കാം, ഇന്ത്യന്‍ കൊവിഡ് വാക്സീനായ കോവാക്സീന് വികസിപ്പിച്ച പരീക്ഷണ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനിയും. തിരുവനന്തപുരം സ്വദേശിയായ ഡോ. എച്ച് ഹരിപ്രിയയാണ് പരീക്ഷണ സംഘത്തില്‍ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത്.
പട്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന് ജൂനിയര്‍ റസിഡന്റാണ് ഹരിപ്രിയ. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ബയോടെക്കും ചേര്‍ന്ന് കൊവിഡിനെതിരായ വാക്സീന് വികസിപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചത് കഴിഞ്ഞ ജൂലൈയില്‍ പട്ന എയിംസില്‍ ആണ്.
വാക്സീന് മനുഷ്യര്‍ക്കു നല്കുന്നതിനു മുന്നോടിയായി മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷണങ്ങളാണ് നടന്നത്. ഡോ. ഹരിപ്രിയ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ഒന്നാം ഘട്ടത്തില്‍ വാക്സീന് സ്വീകരിച്ചത്. കോവാക്സീന് വികസിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചവര്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസാപത്രം എയിംസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയില് നിന്ന് ഹരിപ്രിയയും ഏറ്റുവാങ്ങിയിരുന്നു.
തിരുവനന്തപുരം കുണ്ടമണ്‍ഭാഗം ശങ്കരന് നായര്‍ റോഡ് സൗപര്‍ണിക ഗാര്‍ഡന്‍സ് ഹരിശ്രീയില്‍ മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസില്‍ നിന്ന് അസി. എന്‍ജിനീയറായി വിരമിച്ച എസ് ഹരിശര്മയുടെയും ശ്രീലതയുടെയും മകളാണ് ഹരിപ്രിയ.