പാറശാല: അപൂര്‍വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന് ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ 13 വര്‍ഷമായി ജീവിക്കുന്ന ലിജോയെ കണാന്‍ തിരുവനന്തപുരം പാറശാലയിലെ വാടക വീട്ടില്‍ കലക്ടര്‍ നവ്ജ്യോത് ഖോസ എത്തി.
വേദനകള്‍ നിറഞ്ഞതായിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന ആ യുവാവിന്റെ നെറ്റിയില്‍ തലോടി. ‘ശരിക്കും ഒരു പോരാളിയാണ് ലിജോ. ധൈര്യമായിരിക്കൂ. എല്ലാ സഹായവും ഉണ്ടാവും’ എന്ന് കലക്ടറുടെ വാക്കുകള്‍ കേട്ട് ലിജോ വര്‍ധിച്ച ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു.
കിടക്കയ്ക്കരികില്‍ കലക്ടര്‍ നവ്ജ്യോത് ഖോസ നിന്നു. ജീവിതഭാരങ്ങള്‍ ഒറ്റയ്ക്കു ചുമലിലേറ്റി, ലിജോയെ കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന മൂത്ത സഹോദരന് വിപിനും ലിജോയെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്യുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.സഞ്ജീവ് തോമസും സാമീപ്യത്തോടെയായിരുന്നു കലക്ടറുടെ സന്ദര്‍ശനം.
‘ഇവര്‍ക്കു നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്ന് കലക്ടര്‍ അറിയിച്ചു. അന്ത്യോദയ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള റേഷന്‍ കാര്‍ഡ് നല്കി. 24 മണിക്കൂറും ഹോം വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ 6000 രൂപയോളം വൈദ്യുതി ബില്‍ വരുന്നുണ്ട്. അത് പൂര്‍ണമായും സൗജന്യമായി നല്കാന് കെഎസ്ഇബി ചെയര്‍മാനോട് ശുപാര്‍ശ ചെയ്യും. അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതിയിലൂടെ വീട് ലഭ്യമാക്കും. ചികിത്സയ്ക്കുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം ലഭ്യമാക്കാനും ശുപാര്‍ശ ചെയ്യും.’
ഡോ.സഞ്ജീവ് തോമസ് കലക്ടര്‍ക്കു കത്തയച്ചതോടെയാണ് കലക്ടര്‍ പാറശാലയില്‍ ലിജോയും കുടുംബവും താമസിക്കുന്ന വാടക വീട്ടില്‍ നേരിട്ടെത്തിയത്. ഇവരെ സഹായിക്കുന്ന പ്രദേശവാസികളെയും വാടക വീടിന്റെ ഉടമയെയും അഭിനന്ദിച്ച ശേഷമാണ് കലക്ടര്‍ മടങ്ങിയത്. സഹായിക്കാമെന്ന് ഉറപ്പുകൊടുത്ത് മടങ്ങാനൊരുങ്ങുന്ന കലക്ടറെ നിറചിരിയോടെയാണ് ലിജോ യാത്രയാക്കിയത്.
2007ലാണ് അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ്വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന നിലയില്‍ ലിജോ ശ്രീചിത്രയില്‍ എത്തിയത്. ബിടെക്കിന് അഡ്മിഷന് ശരിയായ സമയത്താണു രോഗം പിടികൂടിയത്. മികച്ച ടേബിള്‍ ടെന്നിസ് കളിക്കാരനായ ലിജോ സംസ്ഥാന സ്കൂള്‍ മീറ്റില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.