കാട്ടാക്കട: പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ കള്ളന് വീട്ടില്‍ കയറി സ്വര്‍ണം കവര്‍ന്നു. ഉറങ്ങുകയായിരുന്ന യുവതിയെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. മംഗലയ്ക്കല്‍ പാറയില്‍ തമ്പുരാന് ക്ഷേത്രത്തിനു സമീപം രാധിക ഭവനില്‍ അനില്‍കുമാര്‍-രാധിക ദമ്പതികളുടെ മകള്‍ ആര്യ(21) യുടെ സ്വര്‍ണമാണ് കവര്‍ന്നത്.
രക്ഷിതാക്കള്‍ സമീപത്തെ മരണ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. രക്ഷിതാക്കള്‍ മരണവീട്ടില്‍ പോയതിനാല്‍ ആര്യ വീട്ടില്‍ ഉറക്കമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കതക് തുറന്ന് അകത്ത് കടന്ന കള്ളന് ആര്യ ഉറങ്ങുകയായിരുന്ന മുറിയില്‍ മേശപ്പുറത്തിരുന്ന കാല് പവന് തൂക്കമുള്ള മോതിരം കൈക്കലാക്കി. യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു മാറ്റുന്നതിനിടെ ഉണര്‍ന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു.
മുറിയിലുണ്ടായിരുന്ന കസേരയെടുത്ത് കള്ളനെ അടിക്കുന്നതിനിടെ കള്ളന് വീടു വിട്ടിറങ്ങി നടന്ന് മറഞ്ഞു. കയ്യുറയും മുഖംമൂടിയും ധരിച്ചാണ് കള്ളനെത്തിയതെന്നു വീട്ടുകാര്‍ പറഞ്ഞു. കറുത്ത ടീ ഷര്‍ട്ടാണു വേഷം. ഇടത് കയ്യില്‍ വെള്ളി വള ധരിച്ചിരുന്നു. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന നിലയിലായിരുന്നു.
മരണ വീട്ടിലെത്തിയവര്‍ പറഞ്ഞാണ് ആര്യയുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. ഇവരെത്തി പോലീസിനെ വിവരമറിയിച്ചു. കാട്ടാക്കട ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശോധനയടക്കമുള്ള വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കവര്‍ച്ച നടന്ന സമയം വീടിനു സമീപത്തെ മരണവീട്ടില്‍ മൃതദേഹം എത്തിച്ച ആംബുലന്‍സ് കടന്നുപോകുന്നതിനു മുന്നിലായി ഓട്ടോറിക്ഷ പോകുന്നത് മാത്രമാണ് സംശയകരമായി പോലീസിനു മുന്നിലുള്ളത്.