നെയ്യാറ്റിന്‍കര: ഫോട്ടോ എടുത്തപ്പോള്‍ ഫ്ളാഷ് മിന്നിയത് കണ്ട് വിരണ്ടോടിയ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിലാണ് സംഭവം. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ സ്കൂട്ടര്‍ പൂജിക്കാനെത്തിച്ച യുവാക്കള്‍ ഫോട്ടോ എടുത്തു. ഫ്ളാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. വിഷ്ണു എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ചുവെങ്കിലും കുഴഞ്ഞു വീണു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ വിഷ്ണുവിന്റെ മരണം സംഭവിച്ചു.
ക്ഷേത്രത്തില്‍ പൂജിക്കാനെത്തിച്ച പുതിയ സ്കൂട്ടര്‍ തകര്‍ത്ത ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ നാട്ടുകാര്‍ ചേര്‍ന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ആന രണ്ടു മണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കി.
ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരീനന്ദന് എന്ന ആന.