ആര്യനാട്: ജീവനക്കാരില്‍ നിന്നും പണം പിരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു. ഇനിമുതല്‍ എല്ലാവര്ക്കും പാട്ട്കേട്ട് യാത്രചെയ്യാം. ആര്യനാട് ഡിപ്പോയിലെ ഒരു ബസില്‍ എഫ്എം സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് ബസുകളില്‍ ഉടന്‍ തന്നെ എഫ്എം സ്ഥാപിക്കും.
ഈ മാസം അവസാനത്തോടെ ആര്യനാട് ഡിപ്പോയില്‍ നിന്ന് നിരത്തില്‍ ഇറങ്ങുന്ന ബസുകളില്‍ എഫ്എം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. കെഎസ്ആര്‍ടിസി ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ആര്യനാട് ഡിപ്പോ അധികൃതര്‍ വേറിട്ട വിദ്യകള്‍ നടത്തുന്നത്.
ആദ്യഘട്ടത്തില്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനു ബസിന്റെ സീറ്റിന് പിന്നില്‍ നോട്ടിസ് പതിച്ചിരുന്നു. അടുത്തഘട്ടം ആണ് എഫ്എം റേഡിയോയും ആയി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ബസില്‍ എഫ്എം സ്ഥാപിച്ചപ്പോള്‍ 1600 രൂപയോളം ചെലവായെന്ന് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ഇആര്‍ സജീവ് കുമാര്‍ പറഞ്ഞു.
ഇന്‍സ്പെക്ടറുടെയും ജീവനക്കാരുടെയും കയ്യില്‍ നിന്നാണ് ഇതിനായി പണം കണ്ടെത്തുന്നത്. എഫ്എം റേഡിയോ, രണ്ട് സ്പീക്കര്‍ എന്നിവയാണ് ഒരു ബസില്‍ ഒരുക്കുന്നത്. പരസ്യങ്ങള്‍ ഇതുവഴി കേള്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
അതേസമയം, ഡിപ്പോയില്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നിരത്തില്‍ ഇറങ്ങുന്നില്ല. ഇപ്പോള്‍ 15 ഷെഡ്യൂള്‍ സര്‍വീസുകള്‍ ആണ് ഓടുന്നത്. 34 സര്‍വീസുകള്‍ ആണ് മുന്‍പ് ഓടിയിരുന്നത്.