കല്ലമ്പലം: പൊതുസ്ഥലത്ത് കിടന്ന വേയ്സ്റ്റ് ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ വിലാസങ്ങള്‍ കിട്ടി. മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ മൂതലയില്‍ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മുന്നുപേരാണ് കുടുങ്ങിയത്.
പഞ്ചായത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും തീരുമാനങ്ങള്‍ക്കും മുന്‍പേ പഞ്ചായത്ത് അംഗം പ്രവര്‍ത്തിച്ചു തുടങ്ങി. അധ്യാപകന് കൂടിയായ വാര്‍ഡ് അംഗം എസ്എസ് ബിജുവിന്റെ ഇടപെടലില്‍ ആണു നടപടി.
പള്ളിക്കല്‍ ആയുര്‍വേദ ആശുപത്രി പരിസരം മാലിന്യ കൂമ്പാരം ആയിട്ട് നാളുകള്‍ ഏറെയായി. രാത്രി വാഹനങ്ങളില്‍ എത്തിയായിരുന്നു മാലിന്യം തള്ളല്‍. മാലിന്യം തള്ളിയ ചാക്ക് പൊളിച്ച് പരിശോധിച്ചപ്പോള്‍ കിട്ടിയ മൂന്ന് വിലാസങ്ങള്‍ ആണ് സംഭവത്തിന് തുമ്പ് ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള വഴിയില്‍ മാലിന്യം തള്ളിയത് വാര്‍ഡ് അംഗം പരിശോധിച്ചപ്പോള്‍ ഒരാളുടെ റേഷന്‍ കടയിലെ ബില്ലും കുട്ടിയുടെ മേല്‍വിലാസം എഴുതിയ കവറും വിദേശത്തു നിന്നു പാഴ്സല്‍ അയച്ച അഡ്രസും കിട്ടി.
പഞ്ചായത്തംഗം ഇതുമായി നേരെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അഡ്രസ് ഉടമകളെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ മൂവരും കുറ്റം സമ്മതിച്ചു. പ്രതികളെ കൊണ്ട് മാലിന്യം തിരിച്ച് എടുപ്പിക്കുകയും താക്കീത് നല്കി വിട്ടയക്കുകയും ചെയ്തു.