പത്തനാപുരം: പത്തനാപുരത്ത് മുക്കുപണ്ടം പണയം വച്ചു 65000 രൂപ തട്ടിയെടുത്തു. പള്ളിമുക്കിലെ പെരുമുറ്റേത്തു ഫിനാന്സിയേഴ്സിലാണു സംഭവം. 15ന് ഉച്ചയ്ക്ക് 2.30നു സ്ഥാപനത്തിലെത്തിയ ആള് 20 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം നല്കി പണം കൈക്കലാക്കുകയായിരുന്നു.
ആശുപത്രിയിലെ ആവശ്യത്തിനെന്നു പറഞ്ഞാണു പണയം വച്ചത്. അത്യാവശ്യ കാര്യമായതിനാല്‍ രേഖ വാങ്ങിയില്ല. പണം വാങ്ങി ഇയാള്‍ ഇറങ്ങിയതിനു പിന്നാലെ ഉരച്ചു നോക്കിയപ്പോള്‍ ആഭരണത്തിന്റെ പുറംഭാഗം ഇളകി വന്നു.
ഇയാളുടെ സിസിടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. കടയ്ക്കാമണ്‍ സ്വദേശിയെന്നു പറഞ്ഞു ഒരു ഫോണ്‍ നമ്പര്‍ നല്‍കിയെങ്കിലും അതില്‍ വിളിക്കുമ്പോള്‍ ആലുവയിലുള്ള ഒരാളാണു ഫോണ്‍ എടുക്കുന്നത്. സംഭവത്തില്‍ പത്തനാപുരം പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം, മുക്കുപണ്ടം പണയം വച്ചു പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. ജാഗ്രത വേണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. 916 സ്വര്‍ണം പോലെ തോന്നിക്കുന്ന മുക്കുപണ്ടങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പത്തനാപുരം പള്ളിമുക്കിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ എത്തി പണം തട്ടിയെടുത്തയാള്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ നടന്ന തട്ടിപ്പില്‍ പങ്കാളിയാണെന്നാണു നിഗമനം.
ഓട്ടോ, ടാക്സി പോലെ ഏതെങ്കിലും വാഹനത്തിലെത്തി അത്യാവശ്യമുണ്ടെന്നു ബോധ്യപ്പെടുത്തി വേഗത്തില്‍ പണം വാങ്ങി പോകാനുള്ള തിരക്കിലാണെന്ന് ഇവര്‍ അഭിനയിക്കും.
പത്തനാപുരത്തെ സ്ഥാപനത്തില്‍ പണം തട്ടിയ ആള് ഓട്ടോയിലാണു സ്ഥാപനത്തിലെത്തിയത്. ആശുപത്രിച്ചെലവിന്റെ ആവശ്യത്തിനാണെന്നു ബോധ്യപ്പെടുത്തി, പണവുമായി ആ ഓട്ടോയില്‍ തന്നെ മടങ്ങി. ടൗണ്‍ അതിര്‍ത്തിയായ പുതുവലില്‍ ഇറക്കി മടങ്ങിയെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു.
സ്വര്‍ണ്ണം പണയം വെക്കാനെത്തുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആധാര്‍, മറ്റു തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇല്ലാതെ വരുന്നവരുടെ പണയം സ്വീകരിക്കരുത്.
സ്വര്‍ണം ആണെന്ന് ഉറപ്പു വരുത്തി വേണം പണം നല്കാന്.
പണയം വയ്ക്കുന്ന ആളുകളുടെ കയ്യൊപ്പ് ഉള്‍പ്പെടെ രേഖകള്‍ സൂക്ഷിക്കണമെന്നും പത്തനാപുരം സിഐ എന്‍.സുരേഷ്കുമാര്‍ പറഞ്ഞു.